പ്രഭാത നടത്തം

ഫോട്ടോകളിലെ ഉന്തിയ വയർ അരോചകമായി തോന്നി തുടങ്ങിയപ്പോളാണ് വയർ കുറക്കണമെന്നൊരാശയം എൻ്റെയുള്ളിൽ ഉദിച്ചത്. പഴിയെല്ലാം വയറിനാണെങ്കിലും യഥാർത്ഥ വില്ലൻ എൻ്റെ തലച്ചോറു തന്നെയാണ്. അവനാണ്‌ എന്നെക്കൊണ്ട് അളവില്ലാതെ ആഹാരം കഴിപ്പിക്കുന്നതും, മടി പിടിപ്പിച്ചു വ്യായാമം ചെയ്യിക്കാത്തതും. ഭക്ഷണം നിയന്ത്രിക്കുന്നത് അൽപും ശ്രമകരമായതിനാൽ രാവിലെ അൽപ്പനേരം നടന്നു നോക്കാൻ ഉപദേശിച്ചത് എൻ്റെ സ്വന്തം ശ്രീമതിയാണ്. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ പോകുന്ന അവൾക്കു കൂട്ടായി വൈകുന്നേരം ഞാൻ നടക്കാറുള്ളതാണ്, അതിനാൽ നടപ്പാണ് തമ്മിൽ ഭേദം എന്ന് തോന്നി.

രാവിലെ ശ്രമപ്പെട്ടു എഴുന്നേറ്റു വീടിനടുത്തുള്ള പുറമ്പോക്കു മൈതാനത്തു എത്തിയപ്പോൾ വിരലിലെണ്ണാവുന്ന പുരുഷകേസരികൾ ഉയർന്നു നിൽക്കുന്ന സ്വന്തം വയറിനെ നോക്കി നെടുവീർപ്പിട്ടു വളരെ വേഗം നടക്കുന്നത് കണ്ടു. ആദ്യമായി സ്റ്റേജിലെത്തിയ കുട്ടിയുടെ സഭാകമ്പത്തോടെ അവരിലൊരാളായി ഞാനും മൈതാനത്തിനു ചുറ്റും നടപ്പാരംഭിച്ചു.

"ഗുഡ് മോർണിങ്"

എന്തോ ചിന്തിച്ചുകൊണ്ട് നടന്നിരുന്ന എന്നെ ആ വാക്കുകൾ പിടിച്ചു നിർത്തി.അപ്പോഴാണ് പുഞ്ചിരിച്ചു കൊണ്ട് നില്കുന്ന സുമുഖനായ ഒരു വയോധികനെ ഞാൻ കണ്ടത്. അദ്ദേഹത്തിൻ്റെ കൂടെ തവിട്ടു നിറത്തിലുള്ള ഒരു ലാബ്രഡോർ നായ്ക്കുട്ടിയുമുണ്ടാരുന്നു. ആദ്യത്തെ അമ്പരപ്പിനു ശേഷം ഞാനും അദ്ദേഹത്തെ തിരിച്ചഭിവാദ്യം ചെയ്തു.

"എൻ്റെ പേര് ജോൺ"

അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഗവ.ഹൈസ്കൂൾ അധ്യാപകനായിരുന്നു. കൂടെയുള്ളത് 'ടിറ്റോ'. പേരക്കുട്ടിക്കായി വാങ്ങിയ നായക്കുട്ടിയാണ്, പക്ഷെ ഇപ്പോൾ ജോൺ സാറിൻ്റെ സന്തതസഹചാരി അവനാണ്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം പുഞ്ചിരികളൂം കുശാലാന്വേഷണങ്ങളും പതിവായി. തികച്ചും അന്തർമുഖൻ ആയിരുന്ന ഞാൻ ജോൺ സാറുമായുള്ള പരിചയം ഔപചാരികതക്കപ്പുറം നീട്ടികൊണ്ട് പോയതുമില്ല.

ദിവസങ്ങളും മാസങ്ങളും വളരെ പെട്ടന്ന് കടന്നു പോയി. അങ്ങനെയിരിക്കെ ഒരാഴ്ചയോളം ജോൺസാറിനെ കാണാതായപ്പോഴാണ് ഇപ്പോൾ അദ്ദേഹത്തെ കാണാറില്ലല്ലോ എന്ന് ഞാൻ ശ്രദ്ധിച്ചത്.

"രാവിലെ നടക്കാൻ പോകുമ്പോൾ കാണാറുള്ള ജോൺസാറിനെ കണ്ടിട്ട് കുറച്ചു ദിവസമായി" ഞാൻ ശ്രീമതിയോടു തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സൂചിപ്പിച്ചു.

"മോൻ്റെ കൂടെ വല്ലോം പോയിക്കാണും" അടുക്കളയിലെ തിരക്കിനടയിൽ നിന്നും അവൾ മറുപടി നൽകി.

വിയർപ്പാറാനായി ഫാനിട്ടു ഇരുന്നപ്പോഴാണ് പത്രത്തിലെ ആ വാർത്ത ഞാൻ കണ്ടത് - "പ്രഭാത നടത്തിത്തിനിടയിൽ വണ്ടി തട്ടി ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു", കൂടെ ജോൺസാറിൻ്റെ പുഞ്ചിരിക്കുന്ന ഫോട്ടോയും.

സ്തബ്ദനായിരിക്കുന്ന എൻ്റെ ശരീരത്തിയിലേക്കു ഒരു തരിപ്പ് അരിച്ചിറങ്ങി.